കണ്ണൂര്‍ വിമാനത്താവളം: സര്‍ക്കാരിന് 26 ശതമാനം ഓഹരി
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരിയേ ഉണ്ടാവൂ. ബാക്കിയുള്ളവ പൊതുജനങ്ങളില്‍ നിന്നായിരിക്കും സ്വീകരിക്കുക.
പൊതുമേഖലാ-യുടെയും സ്വകാര്യ മേഖലയുടെയും കൂട്ടുസംരഭമായി കണ്ണൂര്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
നെടുമ്പാശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളം കമ്പനി മാതൃകയില്‍ നിന്ന് ചെറിയ വ്യത്യാസവും കണ്ണൂര്‍ വിമാനത്താവളത്തിന് ഉണ്ടാകും. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് അനുയോജ്യമായ എല്ലാ നിക്ഷേപങ്ങളും സര്‍ക്കാര്‍ സ്വാഗതം ചെയ്യും. വിമാനത്തവാളം പദ്ധതി സംബന്ധിച്ച് ലീലാ ഗ്രൂപ്പ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് അംഗീകാരം ആവശ്യപ്പെട്ട് ഔദ്യോഗിക കത്ത് ഉടന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക, സാങ്കേതിക വശങ്ങള്‍ പരിഗണിച്ച് സുതാര്യ നടപടിക്രമങ്ങളിലൂടെ കണ്ണൂരില്‍ മുതല്‍മുടക്കേണ്ട സ്വകാര്യ വ്യക്തികളെ നിശ്ചയിക്കും.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് വാക്കാല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക അംഗീകാരം ലഭിച്ചാലുടന്‍ വിമാനത്താവളത്തിനായുള്ള സ്ഥലമെടുപ്പ് തുടങ്ങും. ഇത് സംബന്ധിച്ച് നിരവധി പരാതികളുണ്ട്. ഇവയെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാനാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications