കവിയൂര്‍ കേസ്: ലതാനായര്‍ക്കെതിരെ കുറ്റപത്രം നല്‍കി
കൊച്ചി: കവിയൂര്‍ കേസില്‍ സിബിഐ കുറ്റപത്രം ലതാനായര്‍ക്കെതിരെ സമര്‍പ്പിച്ചു. മുഖ്യപ്രതി ലതാനായര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സിബിഐ ചെന്നൈ യുണിറ്റ് ഡി വൈ എസ് പിയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കവിയൂരില്‍ കൂട്ട ആത്മഹത്യ ചെയ്ത നമ്പൂതിരി കുടുംബത്തിലെ അനഘയെന്ന പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി സി ബി ഐ കണ്ടെത്തിയിരുന്നു.
ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ലതാ നായര്‍ക്ക് മേല്‍ കുറ്റം ചുമത്തുകയാണ് സിബിഐ ചെയ്തിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കെതിരെ മതിയായ തെളിവ് ലഭിച്ചില്ലെന്നും സിബിഐ പറയുന്നു.
മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാകണം തിരുവല്ല ചുമത്ര മഹാദേവക്ഷേത്രത്തിലെ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും കുടുംബവും 2004 സപ്റ്റംബര്‍ 28ന് കൂട്ട ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭ, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കിളിരൂര്‍ സ്വദേശിനി ശാരിയെന്ന പെണ്‍കുട്ടി പീഡനത്തിന് വിധേയയായെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. കിളിരൂര്‍ കേസിലെ പ്രതിയായ ലതാ നായരുമായുള്ള അടുത്ത ബന്ധം നമ്പൂതിരി കുടുംബത്തേയും പ്രതിക്കൂട്ടിലാക്കി. ലതാനായര്‍ ഇവരുടെ വീട്ടില്‍ ഒളിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാമാണ് നമ്പൂതിരി കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് വഴിവച്ചതെന്നാണ് കുറ്റപത്രത്തിലെ സൂചന.
കിളിരൂര്‍ കേസില്‍ പ്രതിയാണെന്നത് മറച്ചുവച്ചാണ് ലതാ നായര്‍ അവിടെ തങ്ങിയതെന്നും ലതാനായര്‍ക്കായി നാരായണന്‍ നമ്പൂതിരി വിവിധ ബാങ്കുകളില്‍ നിന്ന് 2.70 ലക്ഷം രൂപ വായ്പ എടുത്തിരുന്നതായും കുറ്റപത്രം വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications