പൊലീസ് അസോ. നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാവും
തിരുവനന്തപുരം: പൊലീസുകാരന്റെ ഷര്‍ട്ടില്‍ പരസ്യമായി കുത്തിപ്പിടിച്ച ഐജി സെന്‍കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാവും. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൊലീസ് ആസ്ഥാനത്തു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. അസോസിയേഷന്‍ പ്രസിഡന്റ്, കെ.ഭാസ്കരന്‍, ജനറല്‍ സെക്രട്ടറി പി.സി.കുഞ്ഞ് എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക.
1996ലെ പൊലീസ് സേന (അധികാരനിയന്ത്രണം) നിയമ പ്രകാരമാണ് അസോസിയേഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നടപടികളുണ്ടാവുക. നിയമപ്രകാരം അസോസിയേഷനെതിരെ സ്വീകരിക്കേണ്ട നടപടികളുടെ കരടുരേഖ തയ്യാറാക്കും.
ഇതിനു അനുമതിക്കായി വ്യാഴാഴ്ച ഡിജിപി രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയെ കാണും. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് സേനയുടെ ചരിത്രത്തില്‍ ആദ്യമായാണിത്.
സെന്‍കുമാറിന്റെ നടപടിയ്ക്കെതിരെ ഐജി ഋഷിരാജ്സിംഗ് കത്തെഴുതിയതു കാര്യമറിയാതെ നിരുത്തരവാദപരമായാണെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ പറഞ്ഞു. ഋഷിരാജ്സിംഗിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഐപിഎസ് അസോസിയേഷന്‍ യോഗം വിളിച്ചുചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെന്‍കുമാറിന്റെ നടപടി തീര്‍ത്തും നിയമാനുസൃതമാണെന്നാണ് ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചെയ്യേണ്ടതു തന്നെയാണ് സെന്‍കുമാര്‍ ചെയ്തതെന്ന് ഡിജിപി പറഞ്ഞു.
അതിനിടെ അടിസ്ഥാനത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഐപിഎസ് അസോസിയേഷന്‍ യോഗം വിളിച്ചുചേര്‍ക്കണെമന്ന ഋഷിരാജ്സിംഗിന്റെ ആവശ്യം ഐപിഎസ് അസോസിയേഷന്‍ തള്ളി.












Click it and Unblock the Notifications