ജനകീയ ജലസംരക്ഷണ പ്രസ്ഥാനം ആരംഭിക്കും: തിരുവഞ്ചൂര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജനകീയ ജലസംരക്ഷണ പ്രസ്ഥാനം ആരംഭിക്കുമെന്ന് ജലവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
50 ലക്ഷം പേര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ ഈ പ്രസ്ഥാനം കൊണ്ട് സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ജലസാക്ഷരതക്കും ജലജാഗ്രതക്കുമായി പരിപാടി നടപ്പാക്കുന്നത്. ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാന ജലസാക്ഷരതാ സമിതി, ഉപദേശകസമിതി, നിര്‍വഹണ സമിതി എന്നിവ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ജലജാഗ്രതാ സമിതി, പഞ്ചായത്ത് തലത്തില്‍ ജീവജലവേദികള്‍, ഗ്രാമതലത്തില്‍ കുടുംബസംഗമങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
പ്രസ്ഥാനത്തിന്റെ അടുത്തു ആറ് മാസത്തേക്കുള്ള കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കും. അന്ന് ഉച്ചക്ക് രണ്ടുമണിക്ക് പ്ലാമൂട് ചാരാച്ചിറി മുതല്‍ കിഴക്കേക്കോട്ടയിലെ പത്മതീര്‍ത്ഥക്കുളം വരെ 10000 പേര്‍ പങ്കെടുക്കുന്ന ജലയാത്ര നടത്തും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവര്‍ യാത്രയില്‍ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി പത്തനംതിട്ട, കാസര്‍കോഡ്, തിരുനാവായ എന്നിവിടങ്ങളില്‍ ജനകീയ കണ്‍വെന്‍ഷനുകള്‍ നടത്തും. സ്കൂളുകളിലും കോളജുകളിലും ജലസാക്ഷരതയുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.












Click it and Unblock the Notifications