വോള്‍കര്‍ വിവാദത്തില്‍ പുതിയ വഴിത്തിരിവ്
ദില്ലി: വോള്‍കര്‍ വിവാദത്തില്‍ പുതിയ വഴിത്തിരിവ് നല്‍കിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രണ്‍ദീപ് സിംഗിന്റെ പ്രസ്താവന. മുന്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗിന്റെ മകന്‍ ജഗത്സിംഗ് യൂത്ത് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചാണ് ഇറാഖില്‍ പോയതെന്ന് തനിക്ക് ഉറപ്പുപറയാനാവില്ലെന്ന് രണ്‍ദീപ് സിംഗ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അംഗമെന്ന നിലയിലാണ് താന്‍ രണ്ടു തവണ ഇറാഖ് സന്ദര്‍ശനം നടത്തിയതെന്ന് നേരത്തെ ജഗത്സിംഗ് പറഞ്ഞിരുന്നു. അതേ സമയം യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇറാഖ് സന്ദര്‍ശിച്ചതായി ഉറപ്പില്ലെന്ന് സംഘടനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ജഗത്സിംഗിനും മറ്റു രണ്ടു പേര്‍ക്കും യൂത്ത് കോണ്‍ഗ്രസ് സംഘത്തിലെ അംഗങ്ങളെന്ന നിലയില്‍ വിസ നല്‍കിയിരുന്നുവെന്ന് ഇന്ത്യയിലെ മുന്‍ ഇറാഖി അംബാസഡര്‍ സലാ അല്‍ മുക്തര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ വെളിപ്പെടുത്തല്‍.
മകന് വിസ നല്‍കാന്‍ നട്വര്‍സിംഗ് ശുപാര്‍ശ ചെയ്തിരുന്നതായും മുക്തര്‍ വെളിപ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംഘത്തിലെ അംഗങ്ങളാണെന്ന് പറഞ്ഞാണ് ജഗത്സിംഗും മറ്റു രണ്ടു പേരും എംബസിയില്‍ വന്നിരുന്നതെന്നും മറ്റു രണ്ടു പേര്‍ ആരൊക്കെയാണെന്നത് ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാഖ് സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് സംഘത്തിലെ അംഗങ്ങള്‍ ഇക്കാര്യത്തില്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നത്. നട്വര്‍സിംഗിന്റെ മകനെ സംഘത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ലെന്ന് സംഘത്തിലെ അംഗമായിരുന്ന മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി എ.ആര്‍.ആന്തുലേ പറഞ്ഞു. അതേ സമയം ജോര്‍ദാന്‍ വരെ ജഗത്സിംഗും ആന്ദെ സെഗാളും സംഘത്തോടൊപ്പമുണ്ടായിരുന്നുവെന്നും അവര്‍ ജോര്‍ദാനില്‍ നിന്ന് ഇറാഖിലേക്ക് തങ്ങളോടൊപ്പം വന്നിരുന്നോവെയെന്ന കാര്യം തീര്‍ച്ചയില്ലെന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് പി.രവിശങ്കര്‍ പറഞ്ഞു.
താന്‍ യൂത്ത് കോണ്‍ഗ്രസ് സംഘത്തിലെ അംഗമായിരുന്നുവെന്ന ജഗത്സിംഗിന്റെ പ്രസ്താവനയില്‍ നിന്ന് വിരുദ്ധമായ പ്രസ്താവനയാണ് നട്വര്‍സിംഗും നടത്തിയിരുന്നത്. മകന്‍ തന്റെ കൂടെ ഇറാഖ് സന്ദര്‍ശിക്കുകയായിരുന്നുവെന്നാണാണ് നട്വര്‍സിംഗ് നേരത്തെ പറഞ്ഞിരുന്നത്.


Click it and Unblock the Notifications