സിജോയെ ഞായറാഴ്ച മോചിപ്പിച്ചേക്കും
ബാഗ്ദാദ്: ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ തടവില്‍ കഴിയുന്ന കടുത്തുരുത്തി സ്വദേശി സിജോ ജോസിനെ ഡിസംബര്‍ നാല് ഞായറാഴ്ച വൈകീട്ട് മോചിപ്പിച്ചേക്കും.
വൈകീട്ട് നാല് മണിയോടെ സിജോയെ മോചിപ്പിക്കുമെന്നാണ് അറിയുന്നത്. ഇറാക്കിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരാണ് ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയെ ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച തന്നെ സിജോയെ ഇന്ത്യന്‍ എംബസിക്കു കൈമാറും.
എന്നാല്‍ സിജോയെ ബാഗ്ദാദില്‍ കൊണ്ടുവന്നതിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു.
നിരോധിത മേഖലയില്‍ കടന്നു ചിത്രങ്ങളെടുത്തതിനാണ് സിജോയെ ഇറാക്കിലെ അമേരിക്കന്‍ സൈന്യം തടവിലാക്കിയത്. നാല് മാസമായി സിജോ തടവിലാണ്. ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കുവൈത്തിലെ അല്‍ ഗാനിം കമ്പനിയിലെ കാറ്ററിംഗ് ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സിജോ.












Click it and Unblock the Notifications