ലോക്സഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു
ദില്ലി: വോള്‍കര്‍ വിവാദത്തെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന് രാജ്യസഭ തിങ്കളാഴ്ച ഉച്ചവരെ പിരിഞ്ഞു. കേന്ദ്രമന്ത്രി നട്വര്‍സിംഗിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ലോക്സഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു.
തിങ്കളാഴ്ച ലോക്സഭ ചേര്‍ന്നയുടനെ നട്വര്‍സിംഗിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കി. പ്രതിപക്ഷാംഗങ്ങള്‍ സോണിയാഗാന്ധി അഴിമതിക്കാരിയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന മുദ്രാവാക്യം മുഴക്കി.
ശൂന്യവേളയില്‍ പ്രശ്നമുന്നയിക്കാന്‍ അനുവദിക്കാമെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നു. ചോദ്യോത്തരവേള തുടരാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാക്കളായ എ.ബി.വാജ്പേയിയോടും എല്‍.കെ.അദ്വാനിയോടും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് സഭ അരമണിക്കൂര്‍ നിര്‍ത്തിവച്ചു.
പിന്നീട് സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം മുദ്രാവാക്യം വിളി തുടര്‍ന്നു. നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാവാത്തതിനാല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ സഭ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications