നട്വര്‍ സിംഗ് കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ചു
ദില്ലി: ഇറാഖ് എണ്ണയിടപാട് പ്രശ്നത്തില്‍ ആരോപണവിധേയനായ മന്ത്രി നട്വര്‍ സിംഗ് കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജി വച്ചു. ഡിസംബര്‍ ആറ് ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം മന്ത്രിപദം രാജി വച്ചത്. രാജിക്കത്ത് പ്രധാനമന്ത്രിക്കു നല്‍കിയോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്കരിക്കുന്നതിനുള്ള കാരണമായി മാറാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാജി തീരുമാനം പ്രഖ്യാപിക്കവെ നട്വര്‍ അറിയിച്ചു. രാജ്യത്തെ ഒരു നിയമവും താന്‍ ലംഘിച്ചിട്ടില്ല. താന്‍ എല്ലാവിധത്തിലും നിരപരാധിയാണ്. തനിക്കെതിരെ ആരും ഒരു കുറ്റപത്രവും സമര്‍പ്പിച്ചിട്ടില്ലെന്നും നട്വര്‍ പറഞ്ഞു.
റഷ്യയില്‍ ഇപ്പോള്‍ വിദേശപര്യടനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിരിച്ചെത്തിയാലുടന്‍ നട്വറിന്റെ രാജി സ്വീകരിക്കുമെന്നാണ് കരുതുന്നത്.
നട്വര്‍ സിംഗ് രാജി വച്ച സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്തിക്കൊണ്ടു പോകന്‍ കഴിഞ്ഞേക്കും. പ്രശ്നത്തില്‍ ദേശീയ ഉപദേശക സമതി നേതൃസ്ഥാനത്തു നിന്നുള്ള സോണിയാഗാന്ധിയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും നട്വര്‍ രാജി വച്ചാല്‍ സഭാനടപടികളോട് സഹകരിക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications