വൈദ്യുതി നിരക്ക് കുറക്കണമെന്ന നിര്‍ദേശം പരിഗണിക്കും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വൈദ്യുത നിരക്ക് കുറയ്ക്കണമെന്ന യുഡിഎഫ് നിര്‍ദേശം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗങ്ങള്‍ വിശദീകരിച്ച ശേഷം സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സാമ്പത്തിക പ്രശ്നങ്ങള്‍ കണക്കിലെടുത്താകും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു മുമ്പ് എല്ലാ വസ്തുതകളും സര്‍ക്കാര്‍ പരിശോധിക്കും. ജനാധിപത്യ വ്യവസ്ഥയില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഒരു ബന്ധമുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കും. സാങ്കേതിക വശങ്ങള്‍ കണക്കിലെടുത്ത് തീരുമാനം നടപ്പാക്കും. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും സാമ്പത്തിക വശങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രഖ്യാപിക്കുന്നത്.
ഏലം ഭൂമി പ്രശ്നത്തില്‍ രണ്ടഭിപ്രായമുണ്ട്. മന്ത്രിമാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ തര്‍ക്കമില്ല. ഇതു സംബന്ധിച്ച രണ്ട് വശങ്ങളും പരിശോധിച്ച് പ്രായോഗിക തീരുമാമെടുക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ഈയിടെ ഉയര്‍ന്ന അഴിമതികളെ കുറിച്ചാകും വിജിലന്‍സ് അന്വേഷിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ കീഴില്‍ വിമാനത്താവളക്കമ്പനി ആരംഭിക്കും. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ ഉയര്‍ന്നുവരാനിടയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications