സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കണം: ബുദ്ധദേവ് ഭട്ടാചാര്യ
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎം പഠനകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.
പശ്ചിമബംഗാളിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ തന്റെ സര്‍ക്കാര്‍ പലവിധ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ലോകബാങ്ക്, ലോകവ്യാപാര സംഘടന തുടങ്ങിയവയുടെ സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ സംസ്ഥാനങ്ങള്‍ പഠിക്കണം. അവരുടെ നിലപാട് രാജ്യത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അമേരിക്കന്‍ സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ ചൈനക്ക് കഴിയുന്നതു കൊണ്ട് ആ രാജ്യം വ്യത്യസ്തമാണ്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിനു നല്‍കിയിരിക്കുന്ന ഇടത് പിന്തുണയെപ്പറ്റി പരാമര്‍ശിക്കവെ ഇത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമാണെന്ന് ബുദ്ധദേവ് പറഞ്ഞു. വര്‍ഗീയ ശക്തിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനും പാര്‍ലമെന്റിനകത്തും പുറത്തും പാര്‍ട്ടി സ്വാധീനം ശക്തിപ്പെടുത്താനുമാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്.
യുപിഎ സര്‍ക്കാരിനും ഇടത് പക്ഷത്തിനുമിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇടതുപക്ഷം സര്‍ക്കാരിന് നിരുപാധികമല്ലാ പിന്തുണ നല്‍കിയിരിക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ നടപടികളെടുത്താല്‍ ഇടതുപക്ഷം എതിര്‍ക്കും.
സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ടാണ് സര്‍ക്കാരിന് പിന്തുണ നല്‍കിയത്. ഇടതുപക്ഷത്തിന് ഒന്നുകില്‍ വാജ്പേയിയേയോ അല്ലെങ്കില്‍ മന്‍മോഹന്‍ സിംഗിനേയോ പിന്തുണക്കണമായിരുന്നു. ഇതെത്തുടര്‍ന്നാണ് യുപിഎയെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു.


Click it and Unblock the Notifications