പാലക്കാട് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സന്നത പ്രകടിപ്പിച്ച മുസ്ലിം ലീഗ് കൗണ്‍സിലര്‍ പി.എം വിജയകുമാറിനെ കാണാനില്ലെന്ന് പരാതി. വാര്‍ഡിലെ പൗരസമിതിയാണ് ഇതുസംബന്ധിച്ച് എഡിഎമ്മിനും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയത്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനു ശേഷം വീട്ടിലേക്കോ താന്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡിലേക്കോ വിജയകുമാര്‍ വന്നിട്ടില്ലെന്ന് നഗരസഭയിലെ പതിനേഴാം വാര്‍ഡിലെ പൗരസമിതി നല്‍കിയ പരാതിയില്‍ പറയുന്നു.
തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് വിജയകുമാര്‍ കോടതിയെ ബോധിപ്പിച്ചത് തന്റെ വാര്‍ഡിലെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നഗരസഭയില്‍ കുതിരക്കച്ചവടം നടന്നിട്ടുള്ളതായി സംശയിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
വിജയകുമാറിന് പൊലീസ് സംരക്ഷണം നല്‍കുന്നുണ്ടെങ്കില്‍ വാര്‍ഡിലെ വോട്ടര്‍മാരെ അദ്ദേഹത്തിന് നേരില്‍ കാണാന്‍ സൗകര്യമൊരുക്കിക്കൊടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയകുമാറിന് പൊലീസ് സംരക്ഷണം നല്‍കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നും തന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പാലക്കാട് നഗരസഭ പിരിച്ചുവിടരുതെന്നും ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് ഈ മാസം 19-ന് തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതിനിടയിലാണ് വിജയകുമാറിനെ കാണാനില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications