ഖുറാനക്ക് ബിജെപി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ക്ഷണം
ദില്ലി: അദ്വാനിക്കെതിരായ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപി നേതൃസ്ഥാനത്തു നിന്നും പുറത്താക്കിയ മദന്‍ലാല്‍ ഖുറാനക്ക് മുംബൈയില്‍ നടക്കുന്ന ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു.
പാര്‍ട്ടി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഖുറാനക്ക് പാര്‍ട്ടിയുടെ പേരില്‍ ക്ഷണക്കത്തയച്ചിരിക്കുന്നത്. ഖുറാനയെ മുതിര്‍ന്ന ബിജെപി നേതാവെന്നും മുന്‍ ദില്ലി മുഖ്യമന്ത്രിയെന്നുമാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.
എന്നാല്‍ മുംബൈയില്‍ 26 മുതല്‍ 28 വരെ നടക്കുന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഖുറാനക്ക് ക്ഷണമില്ല. ഇക്കാര്യം ഖുറാനയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അദ്വാനി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടതിന് ജൂലൈയില്‍ ഖുറാനയെ ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തന്റെ പ്രസ്താവനയില്‍ ഖുറാന ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഖുറാനയെ സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടി തിരിച്ചെടുക്കുകയും ചെയ്തു.
ചെന്നൈയില്‍ സപ്തംബറില്‍ നടന്ന ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനും ഖുറാനക്ക് ക്ഷണമുണ്ടായിരുന്നില്ല.












Click it and Unblock the Notifications