അദ്വാനി രാജി വക്കണം: ഉമ ഭാരതി
സാഗര്‍: രാമക്ഷേത്ര നിര്‍മാണം അദ്വാനി വോട്ടു നേടാന്‍ ഉപയോഗിച്ചെന്നും എന്നാല്‍ വാഗ്ദാനം പാലിച്ചില്ലെന്നും പുറത്താക്കപ്പെട്ട ബിജെപി നേതാവ് ഉമാ ഭാരതി ആരോപിച്ചു. പാകിസ്ഥാനില്‍ വച്ച് മുഹമ്മദാലി ജിന്നയെ പ്രശംസിച്ച് ഇന്ത്യക്കാരുടെ ദേശീയവികാരത്തെ അപമാനിച്ചതിന് അദ്വാനി മാപ്പു പറയണമെന്നും ബിജെപി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അയോധ്യ യാത്രക്കിടയിലാണ് ഉമ ഇങ്ങനെ പറഞ്ഞത്.
മുംബൈ കണ്‍വെന്‍ഷന് മുന്‍പു തന്നെ ബിജെപി കൂടുതല്‍ നാശത്തിലേക്കു പതിക്കുന്നതിന് മുന്‍പ് അദ്വാനി രാജി വയ്ക്കണം. ജിന്നയെക്കുറിച്ചു നടത്തിയ പ്രസ്താവനയുടെ പേരില്‍ അദ്വാനി മാപ്പുപറയുകയും വേണം.
അദ്വാനി ഒറ്റപ്പെട്ട ഒരു ദ്വീപാണ്. അദ്വാനി രഥയാത്ര നടത്തുന്നതിനോട് തനിക്ക് എതിര്‍പ്പായിരുന്നു. രഥയാത്ര നടത്തുന്ന സമയത്ത് അദ്വാനി പുലിയെയാണ് നയിക്കുന്നതെന്നും പരാജയപ്പെട്ടാന്‍ ആ പുലി അദ്വാനിയെത്തന്നെ തിന്നുമെന്നും താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
മധ്യപ്രദേശില്‍ ആ രഥയാത്രയില്‍ നിന്നും താന്‍ വിട്ടുനിന്നത് യാത്രയുടെ ഉദ്ദേശ്യം വോട്ടു നേടുകയാണെന്ന് തോന്നിയത് കൊണ്ടാണ്.
രാം എന്നു വിളിച്ച നാവു കൊണ്ട് ജിന്നയെ എങ്ങനെ അദ്വാനി പുകഴ്ത്തിപ്പറഞ്ഞുവെന്ന കാര്യം ദുരൂഹമാണ്.
താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബിജെപി പ്രസിഡന്റാകാന്‍ തനിക്ക് ക്ഷണം ലഭിച്ചതാണെന്നും ഉമ പറഞ്ഞു.












Click it and Unblock the Notifications