പാവപ്പെട്ടവര്‍ക്ക് മൂന്ന് രൂപയ്ക്ക് അരി നല്‍കാന്‍ യുഡിഎഫ് ശുപാര്‍ശ
തിരുവനന്തപുരം: ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൂന്നു രൂപ നിരക്കില്‍ റേഷനരി നല്‍കാന്‍ തിരുവനന്തപുരത്ത് ഡിസംബര്‍ 15 വ്യാഴാഴ്ച ചേര്‍ന്ന യുഡിഎഫിന്റെ സമ്പൂര്‍ണ ഏകോപന സമിതി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും 200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് ഇളവ് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.
കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ മൂലം സഹകരണ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുക, കാര്‍ഷിക വായ്പയുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ ആറു മാസത്തേയ്ക്ക് നിര്‍ത്തി വയ്ക്കുക, തീരപ്രദേശത്തെ താമസക്കാരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയമോ കൈവശരേഖയോ നല്‍കുക, കായംകുളം ഫിഷിംഗ് ഹാര്‍ബര്‍ പണി ഉടന്‍ പൂര്‍ത്തിയാക്കുക, തീരദേശത്ത് റേഷന്‍കാര്‍ഡ് ഇല്ലാത്ത അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഉടന്‍ അത് നല്‍കുക, എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യുഡിഎഫ് യോഗം മുന്നോട്ടുവച്ചു.
മുന്നണി യോഗത്തിന്റെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് സൂചന. ജനുവരി ഒന്നിന് മുമ്പ് ഇ്ക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. വെള്ളിയാഴ്ച കോവളത്ത് ചേര്‍ന്ന ഉന്നതാധികാര സമിതിയോഗമാണ് ഈ തീരുമാനങ്ങള്‍ എടുത്തത്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും അഭിപ്രായ സമന്വയം ഉണ്ടാകുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു.
പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള നിര്‍ദേശത്തെപ്പറ്റി വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് നടപടി തുടങ്ങിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ക്ക് ഈ നിര്‍ദ്ദേശം മന്ത്രി നല്‍കിയെന്നും തങ്കച്ചന്‍ അറിയിച്ചു. കുറഞ്ഞ നിരക്കില്‍ അരി നല്‍കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. പ്രതിമാസം 25 കിലോ അരി മൂന്നു രൂപയ്ക്ക് നല്‍കണമെന്നാണ് പൊതുവിലുള്ള ധാരണയെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റി പഠിക്കുന്ന മുന്നണി ഉപസമിതി 28ന് മുമ്പ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കണം. കാര്‍ഷിക സമിതിയുടെ സിറ്റിംഗ് ഈ മാസം 22ന് നടക്കും. റവന്യൂ മന്ത്രി കെ.എം. മാണിയാണ് സമിതിയുടെ അധ്യക്ഷന്‍. പരമ്പരാഗത വ്യവസായങ്ങളെക്കുറിച്ച് കൃഷിമന്ത്രി കെ.ആര്‍.ഗൗരിയമ്മയുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നതെന്നും തങ്കച്ചന്‍ അറിയിച്ചു.












Click it and Unblock the Notifications