ചോദ്യക്കോഴ: എംപിമാരില്‍ നിന്നും തെളിവെടുത്തു
ദില്ലി: ചോദ്യക്കോഴ പ്രശ്നത്തില്‍ അകപ്പെട്ട ഏഴ് എംപിമാരില്‍ നിന്നും അന്വേഷണ കമ്മീഷന് ഡിസംബര്‍ 18 ഞായറാഴ്ച മൊഴിയെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് എംപി പവന് കുമാര്‍ ബന്‍സാലിന്റെ നേതൃത്വത്തിലുള്ള കമ്മീഷന് മുന്പില് എംപിമാര്‍ ഹാജരാകുകയായിരുന്നു.
ലഭിച്ച തെളിവുകളെ പറ്റി ചര്‍ച്ച ചെയ്യാന്‍ അന്വേഷണ കമ്മീഷന് തിങ്കളാഴ്ച ചേരുമെന്ന് ബന്‍സാല്‍ അറിയിച്ചു. കോഴ വിവാദത്തില്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്താന്‍ കമ്മറ്റിക്ക് ഉദ്ദേശ്യമില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചോദിക്കാനും തീരുമാനമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ബന്‍സാല്‍ പറഞ്ഞു.
അന്വേഷണ കമ്മീഷനോട് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിന് രണ്ടുദിവസം മുന്പായ ഡിസംബര്‍ 21ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.