രാജ് താക്കറെ ശിവസേന വിട്ടു
മുംബൈ: റിബല്‍ നേതാവ് രാജ് താക്കറെ ശിവസേന വിട്ടു. ഡിസംബര്‍ 18 ഞായറാഴ്ചയാണ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ താന്‍ സേനയില്‍ നിന്നും രാജിവയ്ക്കുകയാണെന്ന കാര്യം രാജ് അറിയിച്ചത്. അടുത്ത വര്‍ഷം പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
താന്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ല. അടുത്ത വര്‍ഷം മറ്റൊരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനം. സേനയുടെ നേതൃസ്ഥാനങ്ങള്‍ രാജി വയ്ക്കാന്‍ താന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടിയിലെ നിരവധി എംപിമാരും എംഎല്‍എമാരും അവര്‍ തന്നോടൊപ്പമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സേന പിളര്‍ത്തി പാര്‍ട്ടി രൂപീകരിക്കാന്‍ തനിക്ക് താല്പര്യമില്ല.
ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും മാല്‍വന്‍ തിരഞ്ഞെടുപ്പില്‍ സേനക്കുണ്ടായ പരാജയത്തിന് കാരണം ഉദ്ദവാണെന്നും കാണിച്ച് താന്‍ ബാല്‍ താക്കറെക്ക് ഒരു കത്തയച്ചിരുന്നു. കഴിഞ്ഞ ആറേഴു വര്‍ഷമായി ഉദ്ദവിന്റേയും അനുയായികളുടേയും തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉദ്ദവിന്റെ കീഴില്‍ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും താന്‍ അറിയിച്ചിരുന്നു.
താന്‍ ബഹുമാനമാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ തനിക്ക് വെറുപ്പു മാത്രമാണ് ലഭിച്ചതെന്നും രാജ് താക്കറെ പറഞ്ഞു.
ബാല്‍ താക്കറെയുടെ മരുമകന് ഉദ്ദവ് താക്കറെയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സേനയുടെ നേതൃസ്ഥാനങ്ങള്‍ രാജ് നേരത്തെ രാജി വച്ചിരുന്നു.