വികസനഫണ്ടിന് കോഴ ചോദിച്ച ബിജെപി എംപി സസ്പെന്‍ഷനില്‍
ദില്ലി: എംപി വികസനഫണ്ട് അനുവദിക്കുന്നതിന് കോഴ ചോദിച്ചുവെന്ന് വിവാദത്തില്‍ പെട്ട മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഫാഗന്‍ സിംഗ് ഖുലസ്തേയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു. ബിജെപി വക്താവ് വി.കെ മല്‍ഹോത്രയാണ് ഇക്കാര്യം അറിയിച്ചത്.
മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മധ്യപ്രദേശിലെ മാള്‍വയില്‍ നിന്നുള്ള ലോക്സഭാംഗമായ ഖുലസ്തെ പാര്‍ട്ടിയുടെ പട്ടികവര്‍ഗ മോര്‍ച്ചാ നേതാവു കൂടിയാണ്.
വികസനകോഴയിലുള്‍പ്പെട്ട മറ്റൊരു എംപി ചന്ദ്രപാല്‍ സിംഗിനെ നേരത്തേ തന്നെ ചോദ്യക്കോഴ വിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. വിവാദത്തിലുള്‍പ്പെട്ട മറ്റൊരു എംപിയായ രാംസ്വരൂപാ കോഹ്ലിക്കെതിരെ വ്യക്തമായ തെളിവുകള്‍ ടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയാത്തതിനാല്‍ ഇയാളെ നടപടിയില്‍ നിന്നും ഒഴിവാക്കി.
സ്റാര്‍ ന്യൂസ് ചാനലാണ് ഡിസംബര്‍ 19 ചൊവ്വാഴ്ച എംപിമാര്‍ വികസനഫണ്ട് അനുവദിക്കുന്നതിന് കോഴ ചോദിക്കുന്നതും ഗുണ്ടാഫീസ് ചോദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സമാജ്വാദി പാര്‍ട്ടി എംപിമാരായ സാക്ഷി മഹാരാജ്, പരസ്നാഥ് യാദവ് എന്നിവരാണ് വികസനഫണ്ട് അനുവദിക്കുന്നതിനുള്ള കോഴക്കൊപ്പം ഗുണ്ടാപ്പണവും ചോദിച്ചത്.
ആജ് തക് ചാനല്‍ ചോദ്യക്കോഴ വിവാദം പുറത്തുവിട്ടതിന് പുറകെയാണ് വികസനക്കോഴ വിവാദവും പുറത്തായിരിക്കുന്നത്.












Click it and Unblock the Notifications