രാജ്നാഥ്സിംഗ് ബിജെപി പ്രസിഡന്റാകും
ദില്ലി: രാജ്നാഥ്സിംഗ് ബിജെപിയുടെ അടുത്ത ദേശീയ പ്രസിഡന്റാകും. എല്‍.കെ.അദ്വാനി സ്ഥാനമൊഴിഞ്ഞതിനു ശേഷം രാജ്നാഥ്സിംഗ് പുതിയ പ്രസിഡന്റായി സ്ഥാനമേല്‍ക്കും.
അടുത്തയാഴ്ച മുംബൈയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിനു ശേഷമാണ് അദ്വാനി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനമൊഴിയുന്നത്. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ രാജ്നാഥ് സിംഗ് ഇപ്പോള്‍ ബിജെപി ജനറല്‍ സെക്രട്ടറിയാണ്.
ബിജെപി നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് രാജ്നാഥ്സിംഗിനെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. സിംഗിനെ പ്രസിഡന്റാക്കുന്നതിന് ആര്‍എസ്എസിന്റെ സമ്മതവുമുണ്ട്. സുഷമ സ്വരാജ്, അരുണ്‍ ജെറ്റ്ലി എന്നിവരുടെ പേരുകളും പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിനില്ലെന്ന് വെങ്കയ്യ നായിഡു നേരത്തെ വ്യക്തമാക്കിയിരുന്നു.
ബിജെപി പ്രസിഡന്റ് സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഉത്തര്‍പ്രദേശുകാരനാണ് രാജ്നാഥ്സിംഗ്. വിവാദങ്ങളില്‍ നിന്ന് മുക്തനും ക്ലീന്‍ ഇമേജുള്ള നേതാവുമായാണ് പാര്‍ട്ടിക്കുള്ളില്‍ രാജ്നാഥ്സിംഗ് അറിയപ്പെടുന്നത്. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയും രാജ്നാഥിനുണ്ട്.
ശനിയാഴ്ച രാജ്നാഥ് സിംഗ് എം.ബി.വാജ്പേയിയുമായും അദ്വാനിയുമായും കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications