പുതുവത്സരപിറവിയില്‍ അമീര്‍ഖാന് വീണ്ടും വിവാഹം
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാന്‍ പുതുവത്സര ദിനത്തില്‍ പുതിയ വിവാഹജീവിതത്തിലേക്ക് കടക്കുന്നു. മുംബൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ പഞ്ച്ഗനി ഹില്‍ റിസോര്‍ട്ടില്‍ വച്ചാണ് ജനവരി ഒന്നിന് അമീര്‍ഖാന്റെ വിവാഹാഘോഷം നടക്കുന്നത്.
പുതുവത്സരദിനത്തില്‍ അമീര്‍ഖാന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന കിരണ്‍ റാവു അദ്ദേഹത്തിന്റെ രണ്ടാമത്തെ ജീവിതപങ്കാളിയാണ്. ആദ്യഭാര്യ റീനയുമായി നേരത്തെ അമീര്‍ഖാന്‍ വിവാഹമോചനം നടത്തിയിരുന്നു. ആദ്യഭാര്യയില്‍ അമീറിന് രണ്ട് മക്കളുണ്ട്. വിവാഹാഘോഷത്തില്‍ മക്കളും പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഡിസംബര്‍ 28ന് മുംബൈയിലെ ഒരു കോടതിയില്‍ അമീറും കിരണ്‍ റാവുവും രജിസ്റര്‍ വിവാഹം ചെയ്യും. തുടര്‍ന്ന് ഇരുവരും വിവാഘോഷത്തിനായി അടുത്ത ബന്ധുക്കളോടൊപ്പം പഞ്ച്ഗനിയിലേക്ക് തിരിക്കും.
ബോളിവുഡ് താരങ്ങളായ ഷാറുഖ്ഖാന്‍, സല്‍മാന്‍ഖാന്‍, റാണിമുഖര്‍ജി, ജൂഹി ചൗള തുടങ്ങിയവര്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കും.
അമീര്‍ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ലഗാന്റെ ചിത്രീകരണ വേളയിലാണ് അമീറും കിരണും തമ്മില്‍ അടുക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ അഷുതോഷ് ഗൗരികറിന്റെ സംവിധാന സഹായിയായിരുന്നു കിരണ്‍. കിരണിന്റെ മാതാപിതാക്കള്‍ ബാംഗ്ലൂരില്‍ സ്വീകരണചടങ്ങ് ഒരുക്കുന്നുണ്ട്.












Click it and Unblock the Notifications