പ്രസിഡന്റിനെ തീരുമാനിച്ചിട്ടില്ല: രാജ്നാഥ്സിംഗ്
ദില്ലി: പുതിയ ബിജെപി പ്രസിഡന്റ് ആരാകണമെന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് രാജ്നാഥ്സിംഗ്. അദ്വാനി സ്ഥാനമൊഴിഞ്ഞതിനു ശേഷം താന്‍ ബിജെപി പ്രസിഡന്റാകുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അദ്വാനി തന്നെയാണ് ഇപ്പോള്‍ ബിജെപി പ്രസിഡന്റ്. അദ്ദേഹത്തിന്റെ പിന്‍ഗാമി ആരാവണമെന്ന് തീരുമാനിക്കുന്നത് അദ്ദേഹം സ്ഥാനമൊഴിഞ്ഞതിനു ശേഷം മാത്രമായിരിക്കും- രാജ്നാഥ്സിംഗ് വ്യക്തമാക്കി.
പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ ചില നടപടിക്രമങ്ങളുണ്ട്. അത് ഇത്തവണയും പാലിക്കും. പാര്‍ട്ടി എംഎല്‍എ കൃഷ്ണാനന്ദ് റായിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി നടത്തുന്ന ന്യായയാത്ര പരിപാടിയുടെ പുരോഗതിയെ കുറിച്ച് അറിയിക്കുന്നതിനാണ് താന്‍ കഴിഞ്ഞ ദിവസം അദ്വാനിയെയും എ.ബി.വാജ്പേയിയെ കണ്ടതെന്നും രാജ്നാഥ് പറഞ്ഞു.
അതേ സമയം രാജ്നാഥ്സിംഗ് അടുത്ത പ്രസിഡന്റാകുമെന്ന് ബിജെപി, ആര്‍എസ്എസ് ഉന്നത വൃത്തങ്ങള്‍ അനൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അടുത്തയാഴ്ച മുംബൈയില്‍ നടക്കുന്ന ബിജെപി യോഗത്തിനു ശേഷം മാത്രമേ ഔപചാരികമായി പ്രഖ്യാപിക്കാനിടയുള്ളൂ.












Click it and Unblock the Notifications