ഇറാഖ് ആക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ ഡിസംബര്‍ 26 തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ എട്ടുപൊലീസുകാരുള്‍പ്പെടെ 18 ഇറാഖികള്‍ മരിച്ചു. ഒരു ഷിയ കൗണ്‍സിലറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ബാഗ്ദാദിലെ ദിയാല പ്രവിശ്യയില്‍ ഒരു പൊലീസ് ചെക്ക്പോസ്റിനു നേരെ 30ഓളം പേരടങ്ങുന്ന സംഘം നടത്തിയ ആക്രമണത്തില്‍ അഞ്ചുപൊലീസുകാര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആറു തീവ്രവാദികളും പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. ഒരു പ്രാദേശിക ഷിയ കൗണ്‍സിലറായ സുവാദ് ജാഫ്രിയും ഇവരുടെ മൂന്ന് അംഗരക്ഷകരും വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇവരുടെ കാറിനു നേരെ അക്രമികള്‍ വെടി വയ്ക്കുകയായിരുന്നു.
ദിയാല ഗവര്‍ണര്‍ റയീദ് റഹീദ് മുല്ല ജവാദിനു നേരെയും കാര്‍ ബോംബ് ആക്രമണമുണ്ടായെങ്കിലും ഇദ്ദേഹം രക്ഷപ്പെട്ടു. ജവാദിന്റെ ഒരു അംഗരക്ഷകന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാഗ്ദാദിലെ നാല് പൊലീസ് പട്രോളിംഗ് സംഘങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളില്‍ രണ്ടുപൊലീസുകാരും രണ്ട് പ്രാദേശികവാസികളുമടക്കം നാലു പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വടക്കന്‍ ബാഗ്ദാദില്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ വച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications