ബാംഗ്ലൂരില്‍ ഭീകരാക്രമണം: ഒരാള്‍ മരിച്ചു
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ ഭീകരരെന്ന് കരുതുന്ന അജ്ഞാതര്‍ യന്ത്രത്തോക്കുകളുമായെത്തി നടത്തിയ വെടിവയ്പില്‍ ഒരു പ്രൊഫസര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ബുധനാഴ്ച വൈകീട്ട് 7.30നാണ് ആക്രമണമുണ്ടായത്. വെടിവയ്പിനു ശേഷം കടന്നുകളഞ്ഞ ഭീകരരെ പിടികൂടാനായിട്ടില്ല.
കാറിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്. ദില്ലി ഐഐടിയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ എം.സി.പുരിയാണ് കൊല ചെയ്യപ്പെട്ടത്. ഇവിടെ നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സമ്മേളന വേദിയായ ജെഎന്‍ ടാറ്റ ഓഡിറ്റോറിയത്തില്‍ നിന്ന് സതീഷ് ധവാന്‍ ഓഡിറ്റേറിയത്തിലേക്കുള്ള നടപ്പാതയിലാണ് വെടിവയ്പുണ്ടായത്. പുറത്തു സ്ഫോടനശബ്ദം കേട്ടു ആളുകള്‍ ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
ഐഐഎസ്സിയിലെ പ്രൊഫ.വിജയ്ചന്ദ്രു, ലാബ് അസിസ്റന്റ് വിജയ് പാട്ടീല്‍, ലക്നൗ ഐഐഎമ്മിലെ ഡോ.സോണിയ, ദില്ലി കാഡ്ലാക് ഫാര്‍മസ്യൂട്ടിക്കല്‍സിലെ പങ്കജ് ഗുപ്ത എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രൊഫ.വിജയ് ചന്ദ്രുവിന്റെ നില ഗുരുതരമാണ്.
പൊലീസ് നടത്തിയ പരിശോധനയില്‍ എ.കെ.47 തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളും ഗ്രനേഡുകളും ക്യാമ്പസില്‍ നിന്ന് കണ്ടെടുത്തു. ബാംഗ്ലൂരില്‍ നടക്കുന്ന തീവ്രവാദ ആക്രമണമാണിത്.
ലഷ്കര്‍ ഇ തോയിബയടക്കം ഒട്ടേറെ തീവ്രവാദി സംഘടനകളുടെ ഹിറ്റ് ലിസ്റിലുള്ള സ്ഥാപനമാണ് ബാംഗ്ലൂര്‍ ഐഐഎസ്സി.












Click it and Unblock the Notifications