ബീഹാറില്‍ ഒരു കുടുംബത്തിലെ ആറു പേരെ ചുട്ടുകൊന്നു
ഹാജിപൂര്‍: പോത്തിനെ മോഷ്ടിച്ചതിന് നല്‍കിയ കേസ് പിന്‍വലിക്കാത്തതിന് ഒരു കുടുംബത്തിലെ ആറു പേരെ ബീഹാറില്‍ ചുട്ടുകൊന്നു. ജനവരി ഒന്ന് ഞായറാഴ്ച പുലര്‍ച്ചെ വൈശാലി ജില്ലയിലെ രാഘോപൂരിലാണ് സംഭവം.
വിജേന്ദ്ര മഹാതോ എന്നയാളിന്റെ ഭാര്യയെയും അഞ്ച് മക്കളെയുമാണ് വീടിന് തീകൊളുത്തി കൊന്നത്. മഹോതോയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.
പുലര്‍ച്ചെ ഒരു മണിയോടെ ഒരു സംഘം ആക്രമികള്‍ വീട് ആക്രമിച്ച് മഹാതോയോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. മഹാതോ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഏഴ് പേരെയും അകത്തിട്ട് വീട് പുറത്തു നിന്ന് പൂട്ടി തീവയ്ക്കുകയായിരുന്നു.
പോത്തിനെ മോഷ്ടിച്ചതിന് ജഗത് റായി, വാസിര്‍ റായി, അജയ് റായി എന്നിവര്‍ക്കെതിരെ കഴിഞ്ഞ സപ്തംബറിലാണ് മഹാതോ കേസ് നല്‍കിയത്. കേസ് പിന്‍വലിക്കാന്‍ ജഗത് റായി മഹാതോയില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. കേസില്‍ അടുത്തിടെ ജാമ്യം ലഭിച്ച റായി കഴിഞ്ഞ രാത്രി ഒരു സംഘം പേരോടൊപ്പമെത്തി മഹാതോയുടെ വീട് ആക്രമിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് ചെയ്തിട്ടുണ്ട്. ജഗത് റായി ഒളിവിലാണ്.












Click it and Unblock the Notifications