പ്രവീണ്‍ വധക്കേസില്‍ പ്രതികള്‍ക്കു ജീവപര്യന്തം
കോട്ടയം: പ്രവീണ്‍ വധക്കേസില്‍ ഒന്നാം പ്രതി മുന്‍ ഡിവൈഎസ്പി ആര്‍.ഷാജി(51)ക്കും രണ്ടാം പ്രതി ബിനു(31)വിനും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
സെഷന്‍സ് കോടത ജഡ്ജി ആര്‍.നടരാജനാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു.
ബുധനാഴ്ച രാവിലെ കോടതി കൂടിയ ഉടനെ ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതി പള്ളുരുത്തിയിലെ ഗുണ്ടാനേതാവ് പ്രിയന്‍, നാലാം പ്രതി സുനില്‍, അഞ്ചാം പ്രതി സജി എന്നിവരെ ഇതുവരെ പിടികൂടിയിട്ടില്ല.
മുന്‍ ഡിവൈഎസ്പിയായ ഷാജി ഒന്നാം പ്രതിയായ കൊലക്കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2005 ഫിബ്രവരി 15നാണ് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഷാജി ബിനുവിന്റെ സഹായത്തോടെ പ്രവീണിനെ കഴുത്തുഞെരിച്ചുകൊന്നത്. ഡിവൈഎസ്പി പ്രതിയായ കേസില്‍ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിച്ചുവെന്ന സവിശേഷതയുള്ള കേസാണിത്.
പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ പി.ബി.ഹരി, സിബി ചേനപ്പാടി, ശ്രീകാന്ത് എസ്.നായര്‍, പ്രകാശ് പാമ്പാടി എന്നിവര്‍ ഹാജരായി. പ്രതികള്‍ക്കു വേണ്ടി അഡ്വ.സുരേഷ് ബാബു തോമസ്, അഡ്വ.സി.എസ്.അജയന്‍ എന്നിവരാണ് ഹാജരായത്.












Click it and Unblock the Notifications