രാജ്നാഥ് സിംഗിന് അദ്വാനിയോട് വിയോജിപ്പ്
ദില്ലി: ആര്‍എസ്എസ് ബിജെപിയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തണമെന്ന മുന്‍പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ അദ്വാനിയുടെ അഭിപ്രായത്തോട് തനിക്ക് വിയോജിപ്പെന്ന് രാജ്നാഥ് സിംഗ്.
അദ്വാനിയുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ല. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സ്വയംസേവക് ആയ താന്‍ ഇപ്പോഴും ആര്‍എസ്എസില്‍ തുടരുന്നുണ്ട്. ആര്‍എസ്എസില്‍ നിന്നും സാമൂഹിക, പൊതുജീവിതത്തിനായി തനിക്ക് ഏറെ പ്രചോദനം ലഭിച്ചിട്ടുണ്ട്. ബിജെപിയുടെ കാര്യങ്ങളില്‍ സംഘ് പരിവാര്‍ ഒരിക്കലും ഇടപെട്ടിട്ടില്ല.
ആര്‍എസ്എസ് തന്റെ കുടുംബമാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നത് പോലെ ആര്‍എസ്എസുമായും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താന്‍ തയ്യാറാണ്.
പല പാര്‍ട്ടി നേതാക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആര്‍എസ്എസ് പശ്ചാത്തലമുണ്ട്. ഇവര്‍ ആര്‍എസ്എസ് നേതാക്കളെ ആദരവോടെയാണ് കാണുന്നത്. നേതാക്കളെ കാണാന്‍ ഇവര്‍ ആര്‍എസ്എസ് ഓഫീസിലെത്തുമ്പോള്‍ ആര്‍എസ്എസ് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണെന്ന് തെറ്റായ വ്യാഖ്യാനമുണ്ടാകുന്നു.
ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി എന്നിവയുടെ ഇടക്ക് തെറ്റിദ്ധാരണകളുണ്ടോയെന്ന ചോദ്യത്തിന് എല്ലാവരുമായും താന്‍ നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നും ആരുമായും അകലം പാലിക്കാന്‍ താനിഷ്ടപ്പെടുന്നില്ലെന്നും രാജ്നാഥ് പറഞ്ഞു.
ഹിന്ദുക്കളുടെ പ്രശ്നങ്ങളെക്കുറിച്ച് രാജവ്യാപകമായി ചര്‍ച്ച സംഘടിപ്പിക്കണമെന്നും രാജ്നാഥ് അഭിപ്രായപ്പെട്ടു.