ആലപ്പുഴയില്‍ വാഹനാപകടങ്ങളില്‍ നാല് മരണം
ആലപ്പുഴ: ആലപ്പുഴയില്‍ ജനവരി ഏഴ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ നാലു പേര്‍ മരിച്ചു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വാന്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരക്കാണ് അപകടം നടന്നത്.
കൊട്ടാരക്കരയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍ പെട്ടത്. കൊല്ലം പെരുമ്പുഴ പടിപ്പുര വീട്ടില്‍ ചാക്കോ ഗീവര്‍ഗീസ്, കൊല്ലം നല്ലില തടത്തിവിള വീട്ടില്‍ കെ.ജോസിന്റെ മകന്‍ എബ്രഹാം ജോസ്, ജോസിന്റെ ബന്ധു കൊല്ലം ശാസ്താംകോട്ട വിളന്തറ പാലമൂട് വീട്ടില്‍ ലൂക്കോസിന്റെ മകന്‍ ബാബു എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ജോസ്, മകന്‍ അലന്‍, ബാബുവിന്റെ ഭാര്യ വത്സമ്മ, മകന്‍ ക്രിസ്റി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസിന്റെ ഭാര്യ അയര്‍ലന്റില്‍ നഴ്സാണ്. ജോസും മക്കളായ എബ്രഹാമും അലനും അയര്‍ലന്റില്‍ പോകാനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
ചേര്‍ത്തലയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ മുഹമ്മ മേനാപ്പള്ളില്‍ എം.ആര്‍ പ്രകാശന്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ പിന്നീട് പഞ്ചറായതിനെ തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.












Click it and Unblock the Notifications