എന്റെ ഫോണും ചോര്‍ത്തി: ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: തന്റെ ടെലഫോണും ചോര്‍ത്തുന്നുണ്ടെന്നും ഇതേക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
കഴിഞ്ഞ ഒരു വര്‍ഷമായി എന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന സംശയമുണ്ട്. ചില തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് ചെയ്തതു പോലെ ഇക്കാര്യം താന്‍ പുറത്തു പറയുന്നതെന്നും നായിഡു വ്യക്തമാക്കി. ഹൈദരാബാദിലെ തന്റെ വസതിയില്‍ അമര്‍സിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നായിഡു.
മൂന്ന് മുഖ്യമന്ത്രിമാരുള്‍പ്പെട്ട സംഘം ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കണം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ ഭട്ടാചാര്യ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവരായിരിക്കണം സംഘത്തിലെ അംഗങ്ങള്‍.
ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഒറ്റപ്പെട്ട സംഗതിയല്ല. ദേവഗൗഡ, ജയലളിത, ബിജെപി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു തുടങ്ങിയവര്‍ നേരത്തെ ഈ ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്.
തന്റെ ഫോണ്‍ ചോര്‍ത്താന്‍ കോടികള്‍ ചെലവിട്ട ശക്തികള്‍ക്ക് ഏതറ്റം വരെ പോകാനും കഴിയുമെന്നും ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെയാണ് കുറ്റം പറയേണ്ടതെന്നും അമര്‍സിംഗ് പറഞ്ഞു. തന്നെ ഫോണ്‍ ചോര്‍ത്താന്‍ കഴിയുന്നവര്‍ക്ക് തന്നെ അപകടപ്പെടുത്താനും കഴിയും.
ടെലഫോണ്‍ ചോര്‍ത്തല്‍ വിവാദം പുറത്തുവന്നതിനെ തുടര്‍ന്ന് അമര്‍സിംഗ് ഇക്കാര്യത്തില്‍ വിവിധ പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തേടിവരികയാണ്.












Click it and Unblock the Notifications