സാക്ഷികള്‍ക്ക് ആരോഗ്യമന്ത്രിയുടെ ഭീഷണി: ലോകായുക്ത
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വകുപ്പിലെ അഴിമതിക്കെതിരെ ലോകായുക്തക്ക് മൊഴി നല്‍കിയവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ മന്ത്രിയും മന്ത്രിയുടെ ഓഫീസും ശ്രമിച്ചതായി ലോകായുക്ത.
ഞെട്ടിപ്പിക്കുന്നതാണ് ഈ അനുഭവമെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇത് ലോകായുക്തയുടെ റിപ്പോര്‍ട്ടല്ലെന്നും മന്ത്രിസഭയിലെ ഒരംഗത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് മുഖ്യമന്ത്രിക്കുള്ള അറിയിപ്പ് മാത്രമാണെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ തന്നെ ചേംബറില്‍ വിളിച്ചുവരുത്തി ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടതായി തിരുവനന്തപുരം ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ആര്‍.വാസുദേവന്‍ നമ്പൂതിരി ലോകായുക്ത രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയതായി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
ലോകായുക്തയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴി നല്‍കിയവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ അനുമതിയില്ലാതെ തിരുവനന്തപുരം ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ആര്‍.വാസുദേവന്‍ നമ്പൂതിരിയെ സ്ഥലം മാറ്റുകയോ അദ്ദേഹത്തിനെതിരെ ഏതെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം സ്ഥലംമാറ്റങ്ങള്‍ക്ക് തന്റെ ഓഫീസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications