ഐസ്ക്രീം കേസിലെ കൂറുമാറ്റം: വി.എസ് ഹര്‍ജി നല്‍കി
കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സാക്ഷികള്‍ കൂട്ടമായി കൂറുമാറിയതിനെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കേസില്‍ ജനവരി 12 വ്യാഴാഴ്ച കോഴിക്കോട് സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് വി.എസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യസാക്ഷിയായ റജീന ഉള്‍പ്പെടെയുള്ള സാക്ഷികള്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയതിനെ കുറിച്ചാണ് ഹര്‍ജിയില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ അനന്തര നടപടികള്‍ സ്റേ ചെയ്യണമെന്നും വിചാരണ അസാധുവായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റജീനയുടെ അഭിമുഖത്തിന്റെ സിഡി ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അനൂപ് കൃഷ്ണനെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കേസില്‍ പുനര്‍വിചാരണക്ക് ഉത്തരവിടണമെന്നും മേല്‍ കോടതികള്‍ക്ക് പരിശോധിക്കുന്നതിനായി വിചാരണ വീഡിയോയില്‍ പകര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തിര പ്രാധാന്യമുള്ളതിനാല്‍ ഉച്ചകഴിഞ്ഞ് ഹര്‍ജി ഹൈക്കോടതി പരിഗണിച്ചേക്കും.












Click it and Unblock the Notifications