ഹജിനിടെ തിക്കും തിരക്കും: 345 മരണം
മെക്ക: ഹജ് കര്‍മ്മത്തിന്റെ അവസാന ദിനത്തില്‍ മിനയിലുണ്ടായ തിക്കിലും തിരക്കിലും 345 പേര്‍ മരിച്ചു.
മരിച്ചവരില്‍ ആറു പേര്‍ ഇന്ത്യക്കാരാണെന്ന് കരുതുന്നു. ഇരുപത്തഞ്ചോളം ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റ ഇന്ത്യക്കാര്‍ക്ക് നിസ്സാരമായ പരിക്ക് മാത്രമേ പറ്റിയിട്ടുള്ളൂ.
പരിക്കേറ്റ മുന്നൂറോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അല്‍-ജമാറത്തില്‍ സാത്താന്റെ പ്രതീകങ്ങളായ മൂന്ന് തൂണുകളിലേക്ക് വിശ്വാസികള്‍ കല്ലേറ് നടത്തുന്നതിനിടെയാണ് ജംറ പാലത്തിന്റെ അടിത്തട്ടിലെ കിഴക്കേ കവാടത്തില്‍ തിക്കും തിരക്കുമുണ്ടായത്.
കല്ലേറ് കര്‍മം വേഗം നിര്‍വഹിച്ച് മടങ്ങാന്‍ തിരക്കുകൂട്ടിയവരാണ് അപകടത്തില്‍ പെട്ടത്. ആറ് ഇന്ത്യക്കാര്‍ മരിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും മറ്റുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് അറിയിച്ചു.
ഹജിനിടെ നടക്കുന്ന കല്ലേറിനിടയില്‍ ദുരന്തമുണ്ടാവാതിരിക്കാന്‍ ഇത്തവണ ജംറകള്‍ വിപുലീകരിക്കുയും വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകീട്ടോടെ സുരക്ഷാസംവിധാനങ്ങള്‍ താളം തെറ്റി. കാല്‍ കോടിയിലേറെ ആളുകളെത്തുന്ന സ്ഥലത്ത് ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് തെളിഞ്ഞു.
1990- ല്‍ ഇവിടെയുണ്ടായ തിക്കിലും തിരക്കിലും 1,426 പേരാണ് മരിച്ചത്. 2004 ഫെബ്രുവരിയില്‍ ഹജ്ജ് കര്‍മ്മത്തിനിടെയുണ്ടായ തിരക്കില്‍ പെട്ട് 244 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications