രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയിട്ടില്ല: വെളിയം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. ആലപ്പുഴയില്‍ ഒരു ചടങ്ങില്‍ സംബന്ധിച്ച ശേഷം ഗസ്റ്ഹൗസില്‍ തങ്ങിയ വെളിയം ഭാര്‍ഗവന്‍ രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയെന്ന മാധ്യമറിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നിത്തലയുമായി താന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പച്ചക്കള്ളമാണ്. ഗസ്റ് ഹൗസില്‍ തന്നെ മുറിയില്‍ വന്നു കണ്ട് രമേശ് ചെന്നിത്തല കുശലാന്വേഷണം നടത്തിയതല്ലാതെ മറ്റൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഒരു മിനിറ്റ് മാത്രമാണ് ചെന്നിത്തല ഗസ്റ്ഹൗസില്‍ തന്റെ മുറിയില്‍ തങ്ങിയത്. ഈ സമയത്ത് സിപിഐ നേതാവ് പുരുഷോത്തമനും മറ്റു ചിലരും തന്നോടൊപ്പം ഉണ്ടായിരുന്നു.
എല്‍ഡിഎഫിനെ തളര്‍ത്താനും യുഡിഎഫിനെ വളര്‍ത്താനുമുള്ള ചിലരുടെ ശ്രമങ്ങളാണ് ഇത്തരമൊരു വാര്‍ത്തക്ക് പിന്നില്‍. സിപിഐ നില കൊളളുന്നത് ഇടതുമുന്നണിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസുമായോ യുഡിഎഫുമായോ കൂട്ടുകെട്ടുണ്ടാക്കുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്ന് വെളിയം പറഞ്ഞു.












Click it and Unblock the Notifications