മുലായത്തിന്റെ നിര്‍ദേശം ഇടതുപാര്‍ട്ടികള്‍ തള്ളി
ദില്ലി: കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാരിന് ഇടതുപാര്‍ട്ടികള്‍ നേതൃത്വം നല്‍കണമെന്ന മുലായത്തിന്റെ നിര്‍ദേശം ഇടതുപാര്‍ട്ടികള്‍ തള്ളി. അപക്വവും അപ്രായോഗികവുമായ നിര്‍ദേശമാണിതെന്ന് ഇടതുനേതാക്കള്‍ വ്യക്തമാക്കി.
യുപിഎ സര്‍ക്കാരിന്റെ പാവപ്പെട്ടവര്‍ക്കും ജനങ്ങള്‍ക്കും വിരുദ്ധമായ സാമ്പത്തിക നയങ്ങളെയും യുഎസ് അനുകൂല വിദേശ നയത്തെയും എതിര്‍ക്കുന്നുണ്ടെങ്കിലും മുലായത്തിന്റെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് ഇടതുനേതാക്കള്‍ പറഞ്ഞു. ഇന്നത്ത രാഷ്ട്രീയ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുന്ന നിര്‍ദേശമല്ല അതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ലോക്സഭയിലെ 61 എംപിമാരുടെ പിന്തുണ മാത്രം കൊണ്ട് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം തങ്ങള്‍ക്ക് ആലോചിക്കാനാവില്ലെന്ന് സിപിഎം നേതാവ് എം.കെ.പാന്ഥെ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഏതെങ്കിലും ബദല്‍ നീക്കങ്ങളില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും ഇടതു-ജനാധിപത്യ ബദല്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളിലെ താത്കാലിക ഘട്ടമായാണ് യുപിഎയെ ഇടതുപാര്‍ട്ടികള്‍ കാണുന്നതെന്നും സിപിഐ ദേശീയ സെക്രട്ടരി ഷാമിം ഫെയ്സി പറഞ്ഞു.
ബിജെപിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ഒരു പൊതുമിനിമം പരിപാടിക്കു കീഴില്‍ വരണമെന്നും ഇടതുപാര്‍ട്ടികള്‍ ഈ ബദലിന് നേതൃത്വം നല്‍കണമെന്നും മുലായംസിംഗ് യാദവ് ശനിയാഴ്ച പറഞ്ഞിരുന്നു.












Click it and Unblock the Notifications