ക്വത്റോച്ചിയുടെ അക്കൗണ്ട്: ബ്രിട്ടനില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു
ദില്ലി: ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്റോച്ചിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിച്ചതായി ബ്രിട്ടന്റെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് സിബിഐയെ അറിയിച്ചു.
അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന ബ്രിട്ടീഷ് ഹൈക്കോടതിയുടെ ഉത്തരവ് സംബന്ധിച്ച് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് സിബിഐയെ ഔദ്യോഗികമായി അറിയിച്ചു.
ക്വത്റോച്ചിയുടെ രണ്ട് ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടുകളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി സിബിഐ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അവരുടെ മറുപടി ലഭിച്ചത്. ക്വത്റോച്ചിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി തുടരണമെന്ന സുപ്രിം കോടതിയുടെ ഉത്തരവ് സിബിഐ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിനെ അറിയിച്ചിട്ടുണ്ട്.
2003 ജൂലൈയില്‍ മരവിപ്പിച്ച 30 ലക്ഷം യൂറോയും 10 ലക്ഷം ഡോളറും യഥാക്രമം നിക്ഷേപമുള്ള രണ്ട് അക്കൗണ്ടുകളാണ് ഇപ്പോള്‍ ക്വത്റോച്ചിക്ക് ഇടപാട് നടത്താവുന്ന നിലയിലായിരിക്കുന്നത്. ഈ പണം ബോഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട് ക്വത്റോച്ചിക്ക് കമ്മിഷനായി ലഭിച്ചതാണെന്നാണ് സിബിഐ ആരോപിച്ചിരുന്നത്.
എന്നാല്‍ പണം ബോഫോഴ്സ് കമ്മിഷനാണെന്ന് ഇതുവരെ തെളിയിക്കാനാവാത്ത സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കേണ്ടിവരുമെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കഴിഞ്ഞ ഡിസംബറില്‍ സിബിഐയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications