മുഖ്യമന്ത്രി നടത്തിയ സമാന്തര അന്വേഷണം ശരിയല്ല: ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോഗ്യമന്ത്രിക്കെതിരെയുള്ള ലോകായുക്തയുടെ നിരീക്ഷണങ്ങളെ പറ്റി സമാന്തര അന്വേഷണം നടത്തിയത് ശരിയായില്ലെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടു. ജനവരി 17 ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് ലോകായുക്ത ഈ പരാമര്‍ശം നടത്തിയത്.
ലോകയുക്ത എന്നല്ല ലോകത്തെ ഒരു കോടതിയും പുറപ്പെടുവിക്കുന്ന വിധിയെക്കുറിച്ചോ നീരീക്ഷണത്തെപ്പറ്റിയോ അന്വേഷിക്കാന്‍ ഒരു റാങ്കിലുള്ള പൊലീസുകാരനും അവകാശമില്ല.
മുഖ്യമന്ത്രിയുടെ വിശദീകരണമുള്‍ക്കൊള്ളിച്ച് പ്രൈവറ്റ് സെക്രട്ടറി ദിനേശ് ശര്‍മ നല്‍കിയ കത്ത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്. ലോകായുക്തയുടെ പരിധിയിലുള്‍പ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയെന്ന കാര്യം മറക്കരുത്. സാധാരണ ജനങ്ങള്‍ കോടതിയെ പറ്റി പറയുന്നത് പോലെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തികള്‍ പറയരുത്.
രാജി വച്ച ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്‍ അധികാരത്തിലേറിയതു മുതലുള്ള ദുര്‍ഭരണത്തിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രി നടത്തിയ അന്വേഷണത്തിലും ലോകായുക്തയുടെ കണ്ടെത്തലുകള്‍ ശരിയാണെന്ന് തെളിഞ്ഞു. പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി രാമചന്ദ്രനെതിരെയുള്ള ആരോപണങ്ങളെ ന്യായീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിരീക്ഷണങ്ങള്‍ കോടതിയലക്ഷ്യമായി ലോകായുക്ത പരിഗണിക്കുന്നില്ല. മര്യാദ വിട്ട് പെരുമാറരുതെന്ന് സര്‍ക്കാര്‍ വക്കീല്‍ മുഖ്യമന്ത്രിയെ അറിയിക്കണം. വക്കീലിന്റെ അഭ്യര്‍ത്ഥന മാനിച്ച് മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ പരാമര്‍ശങ്ങള്‍ ലോകായുക്ത നടത്തുന്നില്ല.
തന്റെ ഭാഗം കേള്‍ക്കാതെയാണ് തനിക്കെതിരെ ആരോപണമുന്നയിച്ചതെന്ന മുന്‍ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്റെ വാദം ശരിയല്ലെന്നും ലോകായുക്ത പറഞ്ഞു.












Click it and Unblock the Notifications