സമാന്തര അന്വേഷണം നടത്തിയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകായുക്തയുടെ കണ്ടെത്തലുകളെക്കുറിച്ച് താന്‍ സമാന്തര അന്വേഷണം നടത്തിയിട്ടില്ലെന്നും വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഐജി സെന്‍കുമാര്‍ തന്റെ നിര്‍ദേശ പ്രകാരം നടത്തിയത് സമാന്തര അന്വേഷണമല്ല. തനിക്ക് ലോകായുക്ത റിപ്പോര്‍ട്ടല്ല, ഒരു കത്ത് മാത്രമാണ് നല്‍കിയിരുന്നത്. ലോകായുക്ത രജിസ്ട്രാറാണ് ജനവരി ഒന്‍പതിന് ഈ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ചത്.
കത്ത് പ്രകാരം മുഖ്യമന്ത്രിക്ക് മൂന്ന് കാര്യങ്ങള്‍ ചെയ്യാം. ആദ്യം ഇതൊരു റിപ്പോര്‍ട്ടാക്കി എടുത്ത് തീരുമാനമെടുക്കാം. അല്ലെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാം. അതുമല്ലെങ്കില്‍ സ്വന്തം മാര്‍ഗ്ഗത്തിലൂടെ മനസാക്ഷിക്കനുസരിച്ച് അന്വേഷിച്ച് ഒരു തീരുമാനമെടുക്കാം. ഇതില്‍ മൂന്നാമത്തെ കാര്യമാണ് ഞാന്‍ ചെയ്തത്.
അതുപ്രകാരം ഐജി സെന്‍കുമാറിനെക്കൊണ്ട് ഒരു അന്വേഷണം നടത്തിയെന്നേയുള്ളൂ. അത് നല്ല ഉദ്ദേശ്യത്തോടെയാണ് നടത്തിയത്. അല്ലാതെ ആരുടെയും അധികാരം കവരാനല്ല.
ലോകായുക്തയുടെ വിമര്‍ശനത്തോട് തനിക്ക് പരാതിയില്ല. തന്ന റിപ്പോര്‍ട്ടിനെ പറ്റി അന്വേഷിച്ചെന്നേയുളളൂ. താന്‍ ജനങ്ങളുടെ മുഖ്യമന്ത്രിയാണ്. ലോകായുക്ത നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications