രാജിയുടെ വഴി മുന്നിലുണ്ട്: ധരംസിംഗ്
ബാംഗ്ലൂര്‍: ജനവരി 27ന് വിശ്വാസവോട്ട് തേടുന്നതിനു മുമ്പ് രാജിവയ്ക്കാനുള്ള അവസരം തന്റെ മുന്നിലുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എന്‍.ധരംസിംഗ്.
രാജി സംബന്ധിച്ച് തനിക്ക് വ്യക്തിപരമായി ഒരു തീരുമാനമെടുക്കാനാവില്ല. ഹൈക്കമാന്റിന്റെ തീരുമാനത്തിന് തനിക്ക് കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ ഹൈക്കമാന്റ് തനിക്ക് നിര്‍ദേശങ്ങളൊന്നും തന്നിട്ടില്ലെന്ന് ധരംസിംഗ് വ്യക്തമാക്കി.
താനും ഹൈക്കമാന്റിനെ ബന്ധപ്പെട്ടിട്ടില്ലെന്നും തീരുമാനം താന്‍ പാര്‍ട്ടി ഹൈക്കമാന്റിന് വിടുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ ശനിയാഴ്ച തുടങ്ങുന്ന എഐസിസി പ്ലീനറി യോഗത്തില്‍ താന്‍ ജനവരി 23ന് മാത്രമേ പങ്കെടുക്കുകയുള്ളൂ.
ജനതാദള്‍ (എസ്) നേതാവ് ദേവഗൗഡയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ജെഡിഎസ് വിമത നേതാവ് കുമാരസ്വാമിയുമായി താന്‍ ചര്‍ച്ച നടത്തില്ല. വിശ്വാസവോട്ട് നേടാനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും ഒരു അത്ഭുതം സംഭവിക്കാവുന്നതാണെന്നും ധരംസിംഗ് പറഞ്ഞു.












Click it and Unblock the Notifications