നരേന്ദ്രന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നത് സര്‍ക്കാര്‍ തന്ത്രം: വി.എസ്
കണ്ണൂര്‍: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള തന്ത്രം മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. കണ്ണൂരില്‍ ജനവരി 27 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷന്റെ പല നിലപാടുകളോടും എല്‍ഡിഎഫിന് യോജിപ്പുണ്ടായിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് വേണ്ടത്ര ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ല. ഈ പ്രശ്നത്തില്‍ ഒരു തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പു തന്നെ വിവിധ രാഷ്ട്രീയകക്ഷികളുമായി യുഡിഎഫ് സര്‍ക്കാര്‍ ചര്‍ച്ച നടത്തേണ്ടതായിരുന്നു.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുളള തീരുമാനം കേരളത്തിലെ ആര്‍ക്കും ഗുണം ചെയ്യില്ല. ജസ്റിസ് കെ.കെ നരേന്ദ്രന്‍ തന്നെ റിപ്പോര്‍ട്ട് നടപ്പാക്കുന്ന രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച സ്ഥിതിക്ക് ഇത് നടപ്പാക്കുന്നതിന് മുന്‍പ് നിയമസഭാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ സമവായത്തിലെത്തേണ്ടതായിരുന്നു.
2001ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ഇത് ചര്‍ച്ച ചെയ്യുന്നതിന് പകരം നാലര വര്‍ഷത്തോളം സര്‍ക്കാര്‍ മൗനം പാലിച്ചു.
റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പോകുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന വരുത്തിത്തീര്‍ക്കാനാണ്.
ഡിഐസിയെ എല്‍ഡിഎഫിലെടുക്കേണ്ട കാര്യം ജനവരി 26 വ്യാഴാഴ്ച നടന്ന സിപിഎം യോഗം ചര്‍ച്ച ചെയ്തില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications