കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കും: ആന്റണി
ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുമെന്ന് എഐസിസി പ്രവര്‍ത്തകസമിതി അംഗവും കര്‍ണാടകയിലെ പാര്‍ട്ടി ചുമതലയുമുള്ള എ.കെ ആന്റണി പറഞ്ഞു.
കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാണ്. തങ്ങള്‍ എപ്പോഴും ജനങ്ങളോടൊപ്പമായിരിക്കും. കര്‍ണാടകത്തിലെ ജനങ്ങള്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ട്.
തങ്ങള്‍ക്ക് മുന്‍പില്‍ ഈയൊരു വഴി മാത്രമേയുള്ളു. രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിനും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നതിലും തങ്ങള്‍ക്ക് താല്‍പര്യമില്ല.
അനിശ്ചിതകാലത്തേക്ക് സഭ പിരിച്ചുവിട്ടുകൊണ്ടുള്ള നിയമസഭാ സ്പീക്കര്‍ കൃഷ്ണയുടെ തീരുമാനം ചട്ടവിരുദ്ധമാണ്. സഭയിലെ ഭരണ-പ്രതിപക്ഷനേതാക്കളുമായി കൂടിയാലോചിക്കാതെയാണ് സ്പീക്കര്‍ ഈ തീരുമാനമെടുത്തത്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവസാനിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിനെ ചതിക്കുകയാണ് ജെഡിഎസ് ചെയ്തത്. അവര്‍ ആഗ്രഹിച്ചതും മുന്നോട്ടുവച്ചതുമായ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് പരിഗണിച്ചു. സംസ്ഥാനത്ത് വര്‍ഗീയകക്ഷികളെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താനായിരുന്നു അത്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷയെന്നും ആന്റണി പറഞ്ഞു.
നിയമസഭയില്‍ പ്രക്ഷുബ്ധാവസ്ഥയുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നിയമസഭയില്‍ ധരംസിംഗ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടന്നിരുന്നില്ല. ഇതേത്തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications