ജയസാധ്യതയുള്ള യുവാക്കളെ സ്ഥാനാര്‍ത്ഥികളാക്കണം: ടോം വടക്കന്‍
തൃശൂര്‍: ജയസാധ്യതയുളള യുവാക്കളെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് എഐസിസി സെക്രട്ടറി ടോം വടക്കന്‍ പറഞ്ഞു. കെ.കരുണാകരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ജനവരി 28 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടോം വടക്കന്‍.
നിയമസഭാ തിരഞ്ഞെടുപ്പ് പരീക്ഷണത്തിനുളള വേദിയല്ല. എങ്കിലും യുവജനപ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചാല്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാകും. സ്ഥാനാര്‍ത്ഥി ജൂനിയറായാലും സീനിയറായാലും ജയസാധ്യതയായിരിക്കണം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം.
എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി സംവിധാനമനുസരിച്ചുള്ള വിലയിരുത്തില്‍ നടക്കുന്നുണ്ട്. ജനം വോട്ടുചെയ്യുന്നതാര്‍ക്ക് എന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍ ജയസാധ്യത സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ആശ്രയിച്ചിരിക്കും.
കെ.കരുണാകരന് തുടക്കത്തിലുണ്ടായിരുന്ന സഹതാപ ഘടകം ഇല്ലാതായിട്ടുണ്ട്. കാലാവധി കഴിയാറായ മരുന്നിന്റെ അവസ്ഥയിലാണ് ഇപ്പോള്‍ ഡിഐസി. കരുണാകരന്റെ മടങ്ങിവരവിനെ കുറിച്ച് തീരുമാനിക്കേണ്ടത് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളാണെന്ന് ടോം വടക്കന്‍ പറഞ്ഞു.












Click it and Unblock the Notifications