വയലാര്‍ രവി കേന്ദ്ര പ്രവാസികാര്യമന്ത്രി
ദില്ലി: കേരളത്തില്‍ നിന്നുള്ള കാബിനറ്റ് പദവിയുള്ള ഏക മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വയലാര്‍ രവിക്ക് പ്രവാസികാര്യ വകുപ്പ്. ദൈവനാമത്തിലാണ് രവി സത്യപ്രതിജ്ഞ ചെയ്തത്.
അറുപത്തിയൊമ്പതുകാരനായ വയലാര്‍ രവി ആദ്യമായാണ് കേന്ദ്രമന്ത്രിയാകുന്നത്. കേരളത്തില്‍ നിന്ന് ഇ.അഹമ്മദാണ് രവിയെ കൂടാതൈ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയിലെ അംഗം.
1940ല്‍ ആലപ്പുഴ ജില്ലയിലെ വയലാറില്‍ ജനിച്ച രവി അറുപതുകളില്‍ കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെത്തി. എ.കെ.ആന്റണിക്കൊപ്പം കോണ്‍ഗ്രസിനെ കേരളത്തിലെ പ്രബലശക്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ രവി മുഖ്യപങ്ക് വഹിച്ചു. 69ലെ കോണ്‍ഗ്രസിലെ പിളര്‍പ്പ് യുവതുര്‍ക്കിയെന്ന പേരില്‍ ദേശീയരംഗത്ത് അറിയപ്പെടുന്ന നേതാവായി രവിയെ വളര്‍ത്തി. 1971ലും 77ലും അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
82ലും 87ലും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രവി 82 മുതല്‍ 86 വരെ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്നു. പ്രമുഖ കരുണാകരവിരുദ്ധനായിരുന്ന രവി തൊണ്ണൂറുകളില്‍ കരുണാകര പക്ഷത്തോടൊപ്പം നിലയുറപ്പിച്ചു. കരുണാകരന്റെ പിന്തുണയോടെ ആന്റണിയെ തോല്പിച്ച് കെപിസിസി പ്രസിഡന്റായ രവി പിന്നീട് കരുണാകരനെ തള്ളിപ്പറഞ്ഞു.
ഇപ്പോള്‍ രാജ്യസഭാംഗമായ രവി എഐസസി ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. ഭാര്യ മേഴ്സി രവി കേരള നിയമസഭയിലെ അംഗമാണ്.












Click it and Unblock the Notifications