ലാലുവും റാബ്റിയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുന്നു
പട്ന: ലാലു പ്രസാദ് യാദവും ഭാര്യ റാബ്റി ദേവിയും ബീഹാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാന്‍ തീരുമാനിച്ചു. ഫിബ്രവരി രണ്ട് വ്യാഴാഴ്ചയായിരിക്കും റാബ്റിക്ക് പ്രതിപക്ഷനേതാവെന്ന നിലയില്‍ അനുവദിച്ചിരിക്കുന്ന സര്‍കുലര്‍ റോഡ് റസിഡന്‍സിലെ 10-ാം നമ്പര്‍ വീട്ടിലേക്ക് ഇവര്‍ മാറുക. ലാലുവിന്റെ അടുത്ത കുടുംബസുഹൃത്താണ് ഇക്കാര്യം അറിയിച്ചത്.
ജ്യോതിഷനെ കണ്ട ശേഷമാണ് വസന്തപഞ്ചമി ദിനമായ വ്യാഴാഴ്ച വീടുമാറാന്‍ ലാലു തീരുമാനിച്ചത്. പുതിയ സ്ഥലത്തേക്ക് മാറുവാന്‍ ഈ ദിവസം ശുഭകരമാണെന്നാണ് കരുതുന്നത്.
ഇപ്പോള്‍ ലാലു താമസിക്കുന്ന ബീഹാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ അണ്ണാമാര്‍ഗ് ബംഗ്ലാവിന് മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ലാലുവിന്റെ പാര്‍ട്ടി ചിഹ്നമായ വലിയ റാന്തല്‍ വിളക്ക് പുതിയ വീട്ടിലേക്ക് മാറ്റും. ഇവിടെ ഇപ്പോള്‍ ലാലുവിന്റെ ഭാര്യാസഹോദരനും ലോക്സഭാംഗവുമായ സാധു യാദവാണ് താമസിക്കുന്നത്.
ലാലു താമസം മാറ്റുന്നതിന്റെ ഭാഗമായി പുതിയ വീട്ടിലെ പൊട്ടിയ ടൈലുകള്‍ മാറ്റിക്കഴിഞ്ഞു. ഇസെഡ് വിഭാഗം സുരക്ഷാഗണത്തില്‍ പെടുന്ന ലാലുവിനുള്ള ഭീഷണികള്‍ കണക്കിലെടുത്ത് വീടിന്റെ മതിലിന്റെ ഉയരവും കൂട്ടിക്കഴിഞ്ഞിട്ടുണ്ട്.
ലാലുവും റാബ്രിയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാത്തതില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പല തവണ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications