മുന്നണി കാര്യത്തില്‍ കരുണാകരന്‍ ഇടപെടേണ്ട: വെളിയം
കാസര്‍ഗോഡ്: ഇടത് മുന്നണിയുടെ കാര്യങ്ങള്‍ വഴിയേ പോകുന്നവര്‍ പറയേണ്ടെന്നും വീട്ടില്‍ പ്രശ്നങ്ങളുണ്ടായാല്‍ അത് അവിടെയുള്ളവര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. അതില്‍ കരുണാകരന്‍ ഇടപെടേണ്ടെന്നും വെളിയം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്ളിടത്തോളം തിരിച്ചുപോകില്ലെന്ന കരുണാകരന്റെ പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ഞങ്ങളും കരുണാകരനും പറയുന്നത് ഒന്നാണ്. സോണിയാ ഗാന്ധി ഉള്ളിടത്തോളം കോണ്‍ഗ്രസില്‍ തിരിച്ചു പോവില്ലെന്നാണ് കരുണാകരന്‍ പറയുന്നത്. സോണിയയുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ തിരിച്ചുപോവുമെന്ന് വ്യക്തം.
കോണ്‍ഗ്രസുമായി വിലപേശാനാണ് കരുണാകരന്‍ ഇടതുമുന്നണിയുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും വെളിയം ആവര്‍ത്തിച്ചു.
സത്യം പറയുന്നത് ഇഷ്ടമില്ലാത്ത ആളാണ് കരുണാകരന്‍. എന്നിട്ടും കോണ്‍ഗ്രസില്‍ തിരിച്ചുപോകുമെന്ന സത്യം കരുണാകരന്‍ പറഞ്ഞു. പത്ത് കൊല്ലം കരുണാകരനൊപ്പം തങ്ങള്‍ ഉണ്ടായിരുന്നു. അതിനാലാണ് കാര്യങ്ങള്‍ കൃത്യമായി പറയാനാകുന്നതെന്നും വെളിയം പറഞ്ഞു.
ഇടതിനൊപ്പം ചേര്‍ന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കോണ്‍ഗ്രസിനേക്കാള്‍ നേട്ടമുണ്ടാകുമെന്ന് കരുണാകരനറിയാം. അതോടെ ഉമ്മന്‍ ചാണ്ടിയെക്കാള്‍ വലുതാണ് തങ്ങളെന്ന് തെളിയിക്കാനാവും. കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചു പോവുമ്പോള്‍ വിലപേശാന്‍ ഇത് സഹായിക്കും- വെളിയം പറഞ്ഞു.












Click it and Unblock the Notifications