പ്രൊഫ.എസ്.ഗുപ്തന്‍നായര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സാഹിത്യ നിരൂപകനും പ്രബന്ധകാരനുമായ പ്രൊഫ.എസ്.ഗുപ്തന്‍നായര്‍ (86)അന്തരിച്ചു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ എസ്യുടി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രാവിലെ 10.10 ഓടെയായിരുന്നു അന്ത്യം.
മരണസമയത്ത് ഭാര്യയും മകള്‍ ലക്ഷ്മിയും മകന്‍ എം.ജി. ശശിഭൂഷണും അടുത്തുണ്ടായിരുന്നു.
സാഹിത്യ വിമര്‍ശകന്‍, അധ്യാപകന്‍, പ്രബന്ധകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് ഗുപ്തന്‍ നായര്‍. 2005ലെ സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം ഗുപ്തന്‍നായര്‍ക്കാണ് ലഭിച്ചത്. മറ്റ് ഒട്ടേറെ മികച്ച പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരൂപകനെന്ന നിലയില്‍ മലയാള സാഹിത്യത്തില്‍ തന്റേതായ സ്ഥാനമുറപ്പിച്ച ഗുപ്തന്‍നായര്‍ പ്രഭാഷണകലയിലും വിദഗ്ധനായിരുന്നു.
1919ലാണ് ഗുപ്തന്‍നായര്‍ ജനിച്ചത്. ഓച്ചിറ, കായംകുളം എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം ആര്‍ട്സ് കോളിജിലായിരുന്നു ബി.എ. ഓണേഴ്സ് പഠനം. കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പ്രിന്‍സിപ്പള്‍ പദവി വരെ വഹിച്ചു.
ഗ്രന്ഥ ലോകം, വിജ്ഞാന കൈരളി, സന്നിധാനം എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ഭാഷാ ഇന്‍സ്റിറ്റ്യൂട്ടില്‍ അസിസ്റന്റ് ഡയറക്ടറായും കാലിക്കറ്റ് സര്‍വകലാശാലയില്‍ യു.ജി.സി. പ്രഫസറായും ജോലി നോക്കി. കേരള സാഹിത്യ സമിതിയുടേയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റേയും കേരള സാഹിത്യ അക്കാദമിയുടേയും അധ്യക്ഷനായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1966), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(1984), വയലാര്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
പ്രധാന കൃതികള്‍: സമാലോചന, ഇസങ്ങള്‍ക്കപ്പുറം, ക്രാന്തദര്‍ശികള്‍, ടാഗൂര്‍, കാവ്യസ്വരൂപം, തിരയും ചുഴിയും, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, അഞ്ച് ലഘുനാടകങ്ങള്‍, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍-ചങ്ങമ്പുഴ കവിയും കവിതയും.












Click it and Unblock the Notifications