വിദേശ രാജ്യങ്ങളില്‍ പ്രവാസി കേന്ദ്രങ്ങള്‍ തുടങ്ങും
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ വിദേശ ഇന്ത്യക്കാര്‍ നേരിടേണ്ടിവരുന്ന തൊഴില്‍ നിയമ ലംഘനങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രവാസി കേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു.
ഇന്ത്യന്‍ എംബസികളോട് അനുബന്ധിച്ചാവും പ്രവാസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തുടകത്തില്‍ ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമായി ആറ് സെന്ററുകള്‍ തുടങ്ങും. പ്രവാസികാര്യ മന്ത്രാലയത്തിനു കീഴിലായിരിക്കും ഇവ.
വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നേരിടേണ്ടിവരുന്ന തൊഴില്‍ നിയമ ലംഘനങ്ങളും മറ്റും കൈകാര്യം ചെയ്യാന്‍ അംബാസിഡര്‍മാരോട് ആവശ്യപ്പെടാറുണ്ടെങ്കിലും ഇത്തരം സെന്ററുകള്‍ വന്നാലേ അത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയൂവെന്ന് വയലാര്‍ രവി പറഞ്ഞു. പ്രവാസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തും.
ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു അവിടത്തെ മലയാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനാണ് മന്ത്രി എന്ന നിലയില്‍ ആദ്യപരിഗണ നല്‍കുന്നത്. ഓരോ രാജ്യത്തും വിവിധ സംസ്ഥാനക്കാര്‍ എത്രയുണ്ടെന്നു കണക്കാക്കും.
കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള കപ്പല്‍ സര്‍വീസ് ഫിബ്രവരിയില്‍ തന്നെ തുടങ്ങിയേക്കും. വിദേശഇന്ത്യക്കാരുടെ വോട്ടവകാശം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications