സ്വാശ്രയ കോളജ്: ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സ്വാശ്രയ പ്രഫഷണല്‍ കോളജുകളിലെ അന്‍പത് ശതമാനം സീറ്റുകളിലെ പ്രവേശനം സര്‍ക്കാര്‍ മെറിറ്റ് ക്വാട്ടയില്‍ നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് കുട്ടി അഹമ്മദ് കുട്ടി അറിയിച്ചു.
സ്വാശ്രയ കോളജിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീറിന്റെ അഭാവത്തിലാണ് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി കുട്ടി അഹമ്മദ് കുട്ടി ഇക്കാര്യം സഭയെ അറിയിച്ചത്.
സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വാശ്രയ കോളജില്‍ 50 ശതമാനം സീറ്റ് മെറിറ്റിലെന്നത് സര്‍ക്കാര്‍ നയമാണ്. ഇതില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സഭാ നേതാക്കളുടെ യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ പ്രശ്നത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ യാതൊരു അഭിപ്രായവ്യത്യാസമവുമില്ല. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കും.
സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് പ്രശ്നം ഉന്നയിച്ചത്. സര്‍ക്കാരും മാനേജ്മെന്റുകളുമായി അവിഹിത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഏപ്രിലില്‍ പൊതു പ്രവേശന പരീക്ഷ ആരംഭിക്കുന്നതിനാല്‍ സഭയുടെ നടപ്പ് സമ്മേളനത്തില്‍ ഇതിനുള്ള നിയമം കൊണ്ട് വരണം.
നിയമസഭാ സമ്മേളനം അവസാനിച്ചാല്‍ ഈ സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാനാകുമോ എന്നും കോടിയേരി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഓര്‍ഡിനന്‍സിറക്കാന്‍ മന്ത്രിസഭാ തീരുമാനം മാത്രം മതിയെന്ന് നിയമ മന്ത്രി കെ.എം.മാണി സഭയെ അറിയിച്ചു.












Click it and Unblock the Notifications