ഡിഐസിയുമായി ധാരണയില്ല: കാരാട്ട്
തിരുവനന്തപുരം: മുന്നണിക്കു പുറത്തു ആരുമായും എല്‍ഡിഎഫിന് ധാരണയുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
ഇടതുമുന്നണിയുടെ ഐക്യം ശക്തിപ്പെടുത്തും. ജനവികാരം എല്‍ഡിഎഫിന് അനുകൂലമാണ്. എല്‍ഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തും. കേരളത്തിന്റെ വികസനത്തിന് മുന്നണി ബദല്‍ പദ്ധതി മുന്നോട്ടുവയ്ക്കും.
ഡിഐസി സ്വന്തം നിലയ്ക്ക് യുഡിഎഫിനെ എതിര്‍ത്താല്‍ സ്വാഗതം ചെയ്യും. അക്കാര്യത്തില്‍ സിപിഎം ആരെയും നിരുത്സാഹപ്പെടുത്തില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഡിഐസിയുമായി പ്രാദേശിക നീക്കുപോക്കുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഉപതിരഞ്ഞെടുപ്പില്‍ ആരുടെ സഹായം സ്വീകരിക്കുന്നതിലും തെറ്റില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അതുപോലെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിഐസിയുമായി സഖ്യം വേണ്ടെന്ന പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് സിപിഎം മുന്‍ഗണന നല്‍കുന്നത്. പത്രവാര്‍ത്തകളോ അവരുടെ വ്യാഖ്യാനങ്ങളോ സിപിഎമ്മിനെ സ്വാധീനിക്കില്ല.
വികസനത്തിന് ബദല്‍രേഖ അവതരിപ്പിക്കും. അത് തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കും. അധികാരത്തില്‍ വരുന്ന ഇടത് സര്‍ക്കാര്‍ ഈ രേഖ നടപ്പാക്കുകയും ചെയ്യും. എസ്എന്‍സി ലാവ്ലിന്‍ വിഷയത്തില്‍ സിഎജി റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടുണ്ടെന്നും അത് പഠിച്ച ശേഷം പ്രതികരിക്കാമെന്നും കാരാട്ട് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.












Click it and Unblock the Notifications