ജെഡി (എസ്) ദേശീയ നിര്‍വാഹക സമിതി യോഗം തിങ്കളാഴ്ച
ദില്ലി: ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹക സമിതി യോഗം ഫിബ്രവരി 21 തിങ്കളാഴ്ച ദില്ലിയില്‍ ചേരും. കുമാരസ്വാമിക്കും 39 എംഎല്‍എമാര്‍ക്കുമെതിരെ പാര്‍ട്ടി പ്രസിഡന്റ് ദേവഗൗഡ സ്വീകരിച്ച സസ്പെന്ഷന് നടപടിക്ക് യോഗം അംഗീകാരം നല്‍കും.
പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തിനുള്ള രാജി ദേവഗൗഡ പിന്‍വലിച്ചിരുന്നു. ബിജെപിയുമായി ചേര്‍ന്ന് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച എംഎല്‍എമാര്‍ക്കെതിരെ സ്വീകരിക്കേണ്ട തുടര്‍നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
പാര്‍ട്ടിയുടെ കേന്ദ്രനേതാക്കളും സംസ്ഥാന പ്രസിഡന്റുമാരും കുമാരസ്വാമിക്കെതിരായ ദേവഗൗഡയുടെ നടപടിയെ പിന്തുണക്കുന്നുണ്ട്.
കുമാരസ്വാമി ബിജെപിയുമായി കൂട്ടുചേര്‍ന്നപ്പോള്‍ ജനവരി 27ന് താന്‍ ജനതാദള്‍ (എസ്) പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണെന്ന് ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി താത്പര്യം കണക്കിലെടുത്ത് തീരുമാനം പുന:പരിശോധിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ദേവഗൗഡ പറഞ്ഞു.