എംഡിഎംകെ ഡിപിഎയില്‍ തുടരും: വൈകോ
ചെന്നൈ: തമിഴ്നാട്ടില്‍ എംഡിഎംകെ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ തുടരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വൈകോ അറിയിച്ചു. ഇതോടെ എംഡിഎംകെ ഡിപിഎ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമമായി.
അടുത്ത തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണിയുടെ വിജയം ഉറപ്പുവരുത്തുമെന്ന് വൈകോ വ്യക്തമാക്കി. ഡിപിഎയില്‍ തുടരുന്നതു സംബന്ധിച്ച് എംഡിഎംകെയുടെ യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് ഡിഎംകെ പ്രസിഡന്റ് എം.കരുണാനിധി മൂന്ന് ദിവസം മുമ്പ് പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് വൈകോയുടെ വിശദീകരണം.
എംഡിഎംകെയെ എഐഎഡിഎംകെ തങ്ങളുടെ നേതൃത്വത്തിലുള്ള മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനു ശേഷം എംഡിഎംകെ എഐഎഡിഎംകെ മുന്നണിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഡിഎംകെ മുന്നണിയില്‍ തുടരുന്നതു സംബന്ധിച്ച് വൈകോ മൗനം പാലിച്ചത് അഭ്യൂഹത്തിന് ശക്തിപകരുകയും ചെയ്തു. എന്നാല്‍ വൈകോ മൗനം ഭഞ്ജിച്ചതോടെ ഈ അഭ്യൂഹങ്ങള്‍ക്കു വിരാമമായി.