യുഡിഎഫ് സീറ്റ് വിഭജനം പത്തിനകം
കൊച്ചി: യുഡിഎഫിന്റെ സീറ്റ് വിഭജനം പത്താം തീയതിയോടെ പൂര്‍ത്തിയാക്കുമെന്ന് മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. യുഡിഎഫ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസിയോട് സ്വീകരിക്കേണ്ട നിലപാട് ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനിക്കും. ഡിഐസിയെ യുഡിഎഫില്‍ എടുക്കണോയെന്നതിനെ കുറിച്ച് ഘടകകക്ഷികളുമായി ആലോചിച്ചു. ഘടക കക്ഷികളുടെ അഭിപ്രായങ്ങള്‍ ഹൈക്കമാന്റിനെ അറിയിക്കും.
ശമ്പള പരിഷ്ക്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവാത്തത് എല്‍ഡിഎഫിന്റെ നിലപാടുകള്‍ മൂലമാണ്. ശമ്പള പരിഷ്ക്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്നും ഇടതുമുന്നണി വിട്ടുനിന്നിരുന്നു. ഇതുമൂലം അഭിപ്രായ സമന്വയം ഉണ്ടാക്കാനായില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വൈകിയതു ഇതുമൂലമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകളില്‍ നടപ്പാക്കിയിട്ടില്ല. ഇത് പാവപ്പെട്ടവരോട് ചെയ്യുന്ന ക്രൂരതയാണ്. അവര്‍ എത്രയും പെട്ടെന്ന് പദ്ധതിയുമായി സഹകരിക്കണമെന്ന് തങ്കച്ചന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications