കോവളം കൊട്ടാരം: 17ന് സ്ഥലം സന്ദര്‍ശിക്കും
തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും മാര്‍ച്ച് 17ന് സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.
പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍, ധനമന്ത്രി വക്കം പുരുഷോത്തമന്‍, വിനോദസഞ്ചാരമന്ത്രി കെ. സി. വേണുഗോപാല്‍, കൊട്ടാരം സംരക്ഷണസമിതി നേതാവ് എം. വിജയകുമാര്‍, ഡോ. നീലലോഹിതദാസന്‍ നാടാര്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, കൊട്ടാര സംരക്ഷണ സമിതി ചെയര്‍മാന്‍ വി. ഗംഗാധരന്‍ നാടാര്‍, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൊട്ടാരം പ്രശ്നം കോടതിക്ക് പുറത്ത് തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഐ ടി ഡി സി ഹോട്ടല്‍ വില്‍പനയില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രധനമന്ത്രിക്കും നേരിട്ട് താന്‍ നിവേദനം നല്‍കിയെന്നും വി. എസ്. അച്യുതാനന്ദന്‍ യോഗത്തില്‍ പറഞ്ഞു. കൊട്ടാരവും അതിനോടനുബന്ധിച്ച ഭൂമിയും കൂടി ഐടിഡിസി. യുടെ വസ്തുവകയില്‍ ചേര്‍ത്ത് വിറ്റതില്‍ സംസ്ഥാനത്തെ പലര്‍ക്കും കൈയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഏറ്റെടുത്ത കൊട്ടാരവും ഭൂമിയും നഷ്ടപ്പെടുത്തുന്ന ഒരു ഒത്തുതീര്‍പ്പും ഉണ്ടാക്കില്ലെന്ന് വിനോദസഞ്ചാരമന്ത്രി കെ. സി. വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം ഹോട്ടല്‍ നടത്താന്‍ സഹായം ചെയ്തുകൊടുക്കും. കൊട്ടാരം കൈയടക്കാന്‍ സ്വകാര്യ ഹോട്ടല്‍ ഉടമ നീങ്ങിയാല്‍ നിയമപരമായി നേരിടും.












Click it and Unblock the Notifications